Source: Free Press Delhi
മിഡ്നാപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 42 കിലോമീറ്റര്‍ അകലെയുള്ള ലാല്ഗഡിലേക്ക് ഇടുങ്ങിയ റോഡ്വഴി യാത്രചെയ്താല്‍ മാത്രം മതി, മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികള്‍ അമ്പും വില്ലും കൈയിലേന്തിയതിന്റെ കാരണം മനസ്സിലാക്കാന്‍. ഇരുഭാഗത്തും വരണ്ടുണങ്ങിയ കൃഷിഭൂമി, മണ്ണു മെഴുകിയ കൊച്ചു കുടിലുകള്‍, കെട്ടിടമെന്നു പറയാവുന്ന എന്തെങ്കിലും കണ്ടാല്‍ അതു പോലിസ് സ്റ്റേഷനോ സി.ആര്.പി.എഫ് ക്യാംപോ ആവും. മുക്കാല്‍ മണിക്കൂര്‍ യാത്രയ്ക്കിടയില്‍ എതിരേ ഒന്നോ രണ്ടോ വാഹനങ്ങള്‍ വന്നാലായി. ടാര്‍ ചെയ്ത റോഡ് പിറകട്ടയില് പൊടുന്നനെ അവസാനിക്കുമ്പോഴേക്കും കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കഴിഞ്ഞിരിക്കും.സൈക്കിളും കാളവണ്ടിയും പ്രധാന വാഹനമായി ഉപയോഗിക്കുന്ന ആദിവാസികള്‍ക്കു യാത്ര ചെയ്യാനല്ല, പോലിസ് വാഹനങ്ങള്‍ക്കു യഥേഷ്ടം കയറിയിറങ്ങാനാണ് ഈ റോഡ് നിര്‍മിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ആരും പറഞ്ഞുതരേണ്ടിവരില്ല. റോഡിനേക്കാള്‍ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ പലതും ഇവിടെയില്ലെന്നതാണു കാരണം. ജലസേചനസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൊല്ലത്തിലൊരിക്കല് മാത്രമാണ് കൃഷി നടക്കുക. കുടിവെള്ളത്തിനു കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. റോഡരികിലെ കുടിലുകളില്‍ മാത്രം വൈദ്യുതി. പ്രൈമറി സ്കൂളിലെത്താന്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കുന്ന കുട്ടികള്‍ കുറവല്ല. മഴക്കാലത്ത് അമ്മമാരുടെ തോളിലേറിയാണ് സ്കൂള്‍ യാത്ര. ലാല്‍ഗഡിനടുത്ത് ഒരു പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും രോഗികള്‍ക്കു പകരം ഡോക്ടറാണ് ഇവിടത്തെ അപൂര്‍വസന്ദര്‍ശകന്‍. മരുന്നുകളോ മറ്റു ചികില്‍സാ ഉപകരണങ്ങളോ കാണണമെങ്കില്‍ മിഡ്നാപ്പൂര്‍ പട്ടണത്തിലെത്തണം. രോഗം മൂര്‍ച്ഛിച്ചവരെയും പ്രസവവേദന തുടങ്ങിയവരെയും ആശുപത്രികളില്‍ എത്തിക്കേണ്ടിവരാറില്ല ഇവിടത്തുകാര്‍ക്ക്. കാരണം, വഴിയില്‍ വച്ചുതന്നെ മരണമോ ജനനമോ സംഭവിച്ചിരിക്കും.എന്നാല്‍, ഇതൊക്കെയാണു ലാല്‍ഗഡുകാരെ തെരുവിലിറക്കിയതെന്നു കരുതിയാല്‍ തെറ്റി. കാടിന്റെ മക്കള്‍ക്കു ദാരിദ്ര്യവും കഷ്ടപ്പാടുമൊന്നും ആരും ശീലിപ്പിച്ചിട്ടു വേണ്ട. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളവെടുപ്പു കഴിഞ്ഞാല്‍ പിന്നീട് കുടുംബസമേതം ജോലിതേടി അയല്‍ജില്ലകളിലേക്കുള്ള യാത്രയാണ്. മാസങ്ങളോളം അവിടെ ജോലിചെയ്താല്‍ കിട്ടുന്ന ദിവസക്കൂലിയാവട്ടെ, ഭക്ഷണച്ചെലവടക്കം 50 രൂപ! ഇക്കാലത്തു കുട്ടികളുടെ പഠനം മുടങ്ങുന്നതൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. ഭക്ഷണം കഴിച്ചതിനുശേഷം മതി വിദ്യാഭ്യാസമെന്നാണ് അവരുടെ എളിയ വാദം.പ്രശ്നം പോലിസിന്റെയും അവരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഹര്‍മദ് വാഹിനിയെന്ന സായുധ സി.പി.എം ഗുണ്ടാസംഘത്തിന്റെയും വര്‍ഷങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ തന്നെ. പോലിസ് ജീപ്പുകളേക്കാള്‍ ഇവര്‍ക്കു പേടി മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന ഹര്‍മദുകാരെയാണ്. ഛത്തീസ്ഗഡില്‍ മാവോവാദികളെ നേരിടാനെന്ന പേരില്‍ സര്‍ക്കാരുണ്ടാക്കിയ സല്‍വാജുദൂം കൊലയാളിസംഘങ്ങളുടെ തുടര്‍ച്ചയാണിവര്‍.ഇവരുടെ അതിക്രമങ്ങള്‍ക്കെതിരേ ഒറ്റയ്ക്കും കൂട്ടായും ആദിവാസികള്‍ പ്രതിരോധം തീര്‍ത്തുതുടങ്ങിയപ്പോഴാണ് കഴിഞ്ഞ നവംബര്‍ രണ്ടിന് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കുഴിബോംബാക്രമണമുണ്ടായത്. ലാല്‍ഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സാല്‍ബോനിയില്‍ വച്ചായിരുന്നു ഇത്. ജിന്‍ഡാല്‍ ഉരുക്കുനിര്‍മാണശാലയ്ക്കു തറക്കല്ലിട്ട് തിരിച്ചുവരുകയായിരുന്നു മന്ത്രിസംഘം.5000 ഏക്കര്‍ ഭൂമിയാണ് ഈ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 4500 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയതാണ്. 500 ഏക്കര്‍ ജിന്‍ഡാല്‍ നേരിട്ടുവാങ്ങി. ഭൂപരിഷ്കരണ പദ്ധതിപ്രകാരം ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യാനായി ഏറ്റെടുത്ത ഭൂമിയായിരുന്നു സര്‍ക്കാര്‍ നല്കിയ 4500 ഏക്കര്‍. കൊടുംവനപ്രദേശങ്ങളും ഇതില്‍പ്പെടും. ഉരുക്കുഫാക്ടറിക്ക് വേണ്ടിയെന്നു പറഞ്ഞ് ഏറ്റെടുത്ത ഭൂമിക്കാവട്ടെ, അവസാനനിമിഷം സെസ് പദവിയും സര്‍ക്കാര്‍ നല്കി. കൃഷിഭൂമി നഷ്ടപ്പെടുന്നതിന്റെയും പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതിന്റെയും ജീവിതമാര്‍ഗം വഴിമുട്ടിയതിന്റെയും പ്രതിഷേധമായിരുന്നു സാല്‍ബോനിയില്‍ പൊട്ടിത്തെറിച്ചത്.എന്നാല്‍, പ്രതികാരം തീര്‍ക്കാന്‍ പോലിസ് നായാട്ടു തുടങ്ങിയത് ലാല്‍ഗഡ് മേഖലയിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ ലാല്‍ഗഡിലെത്തിയ ഈ ലേഖകന്‍ ഏപ്രില്‍ 28ന് നട്ടുച്ചയ്ക്ക് റോഡില്‍ നിന്ന് അല്‍പ്പം മാറി ഒരു മരച്ചുവട്ടില്‍ വിരിച്ച ടാര്‍പോളിന്‍ പായയിലിരുന്ന് പോലിസ് അതിക്രമത്തിനെതിരായ ജനകീയ കമ്മിറ്റിയുടെ നേതാക്കളുമായി സംസാരിക്കുമ്പോള്‍ ഇതിന്റെ കാരണമന്വേഷിച്ചിരുന്നു. സ്ഫോടനം നടന്ന സാല്‍ബോനി സി.പി.എമ്മിന്റെ കോട്ടയായതിനാല്‍ അവിടെ നിന്ന് ആളുകളെ പിടികൂടാന്‍ പോലിസ് തയ്യാറാവില്ലെന്നായിരുന്നു കമ്മിറ്റി പ്രസിഡന്റ് ലാല്‍മോഹന്‍ ടുഡു ലാല്‍ഗഡിലെ പോലിസ് വേട്ടയ്ക്കു കാരണമായി പറഞ്ഞത്.അര്‍ധരാത്രി വീടുകളിലെത്തിയ പോലിസ് സംഘം വാതിലുകള്‍ തുറക്കാന്‍ പോലും സമയം നല്‍കാതെ ചവിട്ടിപ്പൊളിച്ച് അകത്തുകയറി സ്ത്രീകളും വൃദ്ധരുമടക്കമുള്ളവരെ പീഡിപ്പിച്ചു. യുവാക്കളെ പിടിച്ചുകൊണ്ടുപോയി. പ്രാദേശിക ഉല്‍സവം കഴിഞ്ഞു തിരിച്ചുവരുകയായിരുന്ന അബെന്‍ മുര്‍മു, ഗൗതം പാത്ര, ബുദ്ധദേവ് പാത്ര എന്നീ ഹൈസ്കൂള്‍ വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു. രാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്തുവെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം. ആറുമാസം ഗര്‍ഭിണിയായിരുന്ന കണ്ടാപഹാലിയിലെ ലക്ഷ്മിയുടെ ഗര്‍ഭം പോലിസ് അതിക്രമത്തില്‍ അലസിപ്പോയി. തനിക്കു മരുന്നുവാങ്ങാനെത്തിയ ഭര്‍ത്താവ് ദീപക് പ്രതിഹാറിനെ പിടിച്ചുകൊണ്ടുപോവാനുള്ള പോലിസ് ശ്രമത്തെ ചെറുത്തതായിരുന്നു മര്‍ദ്ദനത്തിനു കാരണം. ചിറ്റമണി മുര്‍മുവിന് തോക്കുകൊണ്ടേറ്റ അടിയില്‍ വലതുകണ്ണിന്റെ കാഴ്ചപോയി.ദേഹപരിശോധനയുടെ പേരില്‍ പോലിസ് പെണ്‍കുട്ടികളുടെ മാനം കവര്‍ന്നതിന്റെയും പെണ്ണാണെന്നു തെളിയിക്കാന്‍ ജനനേന്ദ്രിയം കാണിച്ചുകൊടുക്കേണ്ടിവന്നതിന്റെയും കഥകള്‍ കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥിസംഘത്തോട് ആദിവാസികള്‍ പറയുകയുണ്ടായി.35 ഗ്രാമങ്ങളില്‍ പോലിസ് തുടര്‍ന്ന അതിക്രമങ്ങള്‍ അവര്‍ക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു. അങ്ങനെയാണു ജനകീയ കമ്മിറ്റി പിറവിയെടുക്കുന്നത്. നവംബര്‍ ആറിന് ഒത്തുകൂടിയ ആദിവാസികള്‍ ലാല്‍ഗഡ് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. അവര്‍ പോലിസുകാരെ സ്റ്റേഷനകത്താക്കി പൂട്ടിയിട്ടു. വൈദ്യുതിബന്ധം വിച്ഛേദിച്ചു.അടുത്ത ദിവസം വന്‍പ്രക്ഷോഭമായി അതു മാറുന്നതാണ് കണ്ടത്. നവംബര്‍ ഏഴിന് സി.പി.എം സംസ്ഥാനത്ത് ബോള്‍ഷെവിക് വിപ്ലവത്തിന്റെ വാര്‍ഷികമാഘോഷിക്കുമ്പോള്‍ പാരമ്പര്യ ആയുധങ്ങളേന്തിയ ലാല്‍ഗഡിലെ ആയിരക്കണക്കിനു സാന്താള്‍ ആദിവാസികള്‍ തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ അറസ്റ്റിലായവരെ വിട്ടയക്കാന്‍ പോലിസ് നിര്‍ബന്ധിതരായി...
അതിക്രമങ്ങളുടെ അടയാളങ്ങളായ പോലിസ് ജീപ്പും ഹര്‍മദ് വാഹിനിക്കാരുടെ മോട്ടോര്‍ ബൈക്കും പ്രതിരോധിക്കാന്‍ റോഡുകളില്‍ അവര്‍ കിടങ്ങുകള്‍ കീറി. പിന്നീടങ്ങോട്ട് പോലിസുകാര്‍ ഇവിടേക്കു പ്രവേശിച്ചിട്ടില്ല. ജനകീയപ്രക്ഷോഭം വെസ്റ്റ് മിഡ്നാപ്പൂരില്‍ നിന്നു സമീപജില്ലകളായ പുരുലിയയിലേക്കും ബാങ്കുറയിലേക്കും തീപോലെ പടര്‍ന്നുപിടിച്ചു. പ്രക്ഷോഭകര്‍ സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങള്‍ ലളിതമായിരുന്നു: പോലിസ് സൂപ്രണ്ട് രാജേഷ് സിങ് ലാല്‍ഗഡില്‍ വന്ന് തങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ക്കു ജനങ്ങളോടു മാപ്പുപറയണം, മര്‍ദ്ദനത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കണം, ആദിവാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം. എന്നാല്‍, ഇവയൊന്നും അംഗീകരിക്കാന്‍ പോലിസോ അധികാരികളോ തയ്യാറായില്ല.പ്രക്ഷോഭം ശക്തമാക്കിയ ആദിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാംഗഡ്, ബെരാതിക്രി, ധര്‍മപൂര്‍, കൈമ തുടങ്ങിയ പ്രദേശങ്ങളിലെ പോലിസ് സ്റ്റേഷനുകളും സി.ആര്.പി.എഫ് ക്യാംപുകളും ഒഴിപ്പിച്ചു. കണ്ടാപഹാലിയില്‍ സ്വന്തമായി ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കു സൗജന്യമായി ചികില്‍സാ സംവിധാനമൊരുക്കി. ജലസേചനത്തിന് കനാലുകള്‍ കീറി, റോഡുകള്‍ വെട്ടിയുണ്ടാക്കി.സര്‍ക്കാരിന്റെ സഹായമില്ലാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് കമ്മിറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹാതോവിന്റെ മറുപടി, 32 വര്‍ഷമായി ലഭിക്കാത്ത വികസനം ഇനി ജനങ്ങള്‍ക്കു വേണ്ട എന്നായിരുന്നു. കഴിഞ്ഞ ഏഴുമാസമായി സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് അന്നു മരച്ചുവട്ടില്‍ കൂടിനിന്നവരും പറഞ്ഞു. ഓരോ ഗ്രാമത്തില്‍ നിന്നുള്ള അഞ്ചുവീതം പുരുഷന്മാരും സ്ത്രീകളുമടങ്ങിയ പ്രതിനിധികള്‍ ചേര്‍ന്നതായിരുന്നു ജനകീയ കമ്മിറ്റി. അവര്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്തു. യുവാക്കളും യുവതികളുമായിരുന്നു നേതൃത്വത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത്.മാവോവാദികള്‍ പാവം ആദിവാസികളെ വഴിപിഴപ്പിക്കുന്നുവെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചുപറയുന്നത്. സത്യത്തില്‍ സംഭവിച്ചത്, തികച്ചും ജനകീയപ്രാതിനിധ്യത്തോടെ മൂന്നിലേറെ ജില്ലകളില്‍ ശക്തമായിവരുകയായിരുന്ന ജനകീയപ്രക്ഷോഭത്തെ മാവോവാദികള്‍ ഏറ്റെടുക്കുകയായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതാണ് സൈനിക നടപടിയിലേക്കെത്തിച്ച പുതിയ സംഭവവികാസങ്ങള്‍ക്കു വഴിമരുന്നിട്ടത്.ധര്‍മപൂരില്‍ കഴിഞ്ഞയാഴ്ച നടന്ന ജനകീയ റാലിക്കു നേരെ ഹര്‍മദ് വാഹിനിക്കാര്‍ നിറയൊഴിച്ചതോടെ സി.പി.എം ഓഫിസുകളും നേതാക്കളുടെ വീടുകളും കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. എന്നാല്‍, ഇതു മുതലെടുത്ത മാവോവാദികള്‍ സി.പി.എം നേതാക്കളെ വകവരുത്താന്‍ തുടങ്ങിയതോടെ, അതിന്റെ മറപിടിച്ച് അധികൃതര്‍ സൈനികനടപടി തുടങ്ങുകയും ചെയ്തു. പഞ്ചായത്ത് ഓഫിസുകളും ഔദ്യോഗികവാഹനങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സായുധരായ ഹര്‍മദ് വാഹിനിക്കാരെ പോലിസിന് പിന്തുണയ്ക്കാമെങ്കില്‍ അക്രമികളെ ചെറുക്കാന്‍ മാവോവാദികളെ കൂടെ കൂട്ടിയതില്‍ എന്താണു തെറ്റെന്നാണ് ആദിവാസികളുടെ ചോദ്യം.മാവോവാദി ഭീകരതയില്‍ നിന്നു നാടിനെ രക്ഷിക്കാനെന്നപേരില്‍ കോബ്രാ ബറ്റാലിയനെയും സി.ആര്.പി.എഫിനെയും മുന്‍നിര്‍ത്തി പോലിസ് നടത്തുന്ന `ഓപറേഷന് ലാല്‍ഗഡി'നെ അകമഴിഞ്ഞു പ്രോല്സാഹിപ്പിക്കുന്നവര് കഥയറിയാതെയാണ് ആട്ടംകാണുന്നത്. കാലങ്ങളായി ഭരണകൂടവും പോലിസും ഭരണപാര്‍ട്ടിക്കാരും ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരേ തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിന് ആദിവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അനുരഞ്ജനമാര്‍ഗം സ്വീകരിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളുമായി സേനയെ അയച്ച നടപടി കൂടുതല്‍ ഹിംസാത്മകമായ മാര്ഗങ്ങളിലേക്കു ജനങ്ങളെ തള്ളിവിടാനേ വഴിയൊരുക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ കാണിച്ച നെറികേടുകള്‍ അന്യവല്ക്കരിച്ച ആദിവാസിമനസ്സുകള്‍ കീഴ്പ്പെടുത്തുന്നതിനു ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയ്യാറാവാതെ പോലിസ് സ്റ്റേഷനുകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന അധികൃതരുടെ നടപടി മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണു വിളിച്ചുവരുത്തുക.വളരെ യാഥാര്‍ഥ്യബോധത്തോടെയാണു ലാല്‍ഗഡ് ജനത പ്രക്ഷോഭം നയിക്കുന്നതെന്നു സൂക്ഷ്മമായി വീക്ഷിച്ചാല്‍ ബോധ്യമാവും. നിറതോക്കുമായി എത്തുന്ന പോലിസിനെയും സൈന്യത്തെയും എങ്ങനെ നേരിടുമെന്ന് ഈ ലേഖകന്‍ കമ്മിറ്റി നേതാക്കളോട് ചോദിച്ചിരുന്നു. അര്‍ഥംവച്ച ചിരിയായിരുന്നു മറുപടി. മൊബൈല്‍ ഫോണില്‍ അല്‍പ്പനേരം സംസാരിച്ചശേഷം സമീപപ്രദേശമായ മൗത്തലാ ചൗക്കിലേക്ക് എന്നെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ കൂടെയുണ്ടായിരുന്ന യുവാവിന് അവര്‍ നിര്‍ദേശം നല്കി. അരമണിക്കൂര്‍ യാത്രയ്ക്കുശേഷം കണ്ടത്, ബി.എസ്.എഫ് ജവാന്മാരെ നൂറുകണക്കിന് ആദിവാസികള്‍ വളഞ്ഞുവച്ചിരിക്കുന്നതായിരുന്നു. ഒരുഭാഗത്ത് എ.കെ 47 തോക്കുകള്‍, മറുഭാഗത്ത് അമ്പും വില്ലും കോടാലികളും വടികളും. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ജവാന്മാരായിരുന്നു അവര്‍. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ പ്രദേശത്ത് പ്രവേശനമില്ലെന്നായിരുന്നു ആദിവാസികളുടെ വാദം. വിരിഞ്ഞുനില്ക്കുന്ന മാറിടങ്ങള്‍ക്കു മുമ്പില്‍ യന്ത്രത്തോക്കുകള്‍ നിശ്ശബ്ദമാവുമെന്ന പാഠം പാവം ആദിവാസികളില്‍ നിന്നു വീണ്ടും പഠിക്കേണ്ടിവരുന്നത് നാണക്കേടല്ലാതെ മറ്റെന്താണ്?
സി പി കരീം .
Thursday, September 10, 2009
Subscribe to:
Posts (Atom)